
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ചാർജിങ് അടിസ്ഥാനസൗകര്യം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ ചെറിയ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി. ആവശ്യത്തിന് ചാർജിങ് സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ചെറിയ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് കമ്പനിയുടെ സിഇഒ ഹിസാഷി ടകെയൂച്ചി വ്യക്തമാക്കി.

ഇലക്ട്രിക് വാഹന വിപണിയിൽ മാരുതി സുസുക്കി ഇതിനകം തന്നെ ചുവടുറപ്പിച്ചിട്ടുണ്ട്. മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 1,100-ലേറെ നഗരങ്ങളിലായി 13 പങ്കാളികളുടെ സഹകരണത്തോടെ 2,000-ത്തിലധികം പ്രത്യേക ഇവി ചാർജിങ് പോയിന്റുകളും കമ്പനി സ്ഥാപിച്ചു കഴിഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തിന് ആവശ്യമായ ചാർജിങ് ശൃംഖല ഒരുക്കുന്നതിനാണ് മാരുതി സുസുക്കി പ്രധാനമായും ശ്രദ്ധ നൽകുന്നത്. ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
പ്രധാന നഗരങ്ങൾക്കും ദേശീയപാതകൾക്കും കൂടുതൽ പ്രാധാന്യം നൽകിയായിരിക്കും ചാർജിങ് ശൃംഖല വികസിപ്പിക്കുക. ചാർജിങ് സൗകര്യം വർധിക്കുന്നതോടെ ഉപഭോക്താക്കളുടെ റേഞ്ച് ആശങ്ക കുറയ്ക്കാനും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത കൂടുതൽ ഉയർത്താനും കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ആവശ്യത്തിന് അടിസ്ഥാനസൗകര്യം ഒരുക്കിയശേഷം കൂടുതൽ വിഭാഗങ്ങളിലേക്ക് ഇവി പോർട്ട്ഫോളിയോ വ്യാപിപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം. ഇതിന്റെ ഭാഗമായി ചെറിയതും കൂടുതൽ താങ്ങാനാകുന്നതുമായ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള സാധ്യതയാണ് കമ്പനി മുന്നിൽ കാണുന്നത്.