
തിരുവനന്തപുരം: പാറശാലയിൽ കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസിന്റെ എഞ്ചിനാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിന്റെ നാല് ചക്രങ്ങൾ പാളത്തിൽനിന്ന് തെന്നിമാറി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

അപകടത്തെ തുടർന്ന് തിരുവനന്തപുരം–നാഗർകോവിൽ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സിംഗിൾ ലൈൻ പാതയായതിനാൽ മറ്റ് പാതകളിലൂടെ ട്രെയിനുകൾ തിരിച്ചുവിടുന്നതിന് പരിമിതികളുണ്ട്. ട്രാക്കിലേക്ക് വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ റെയിൽവേ അധികൃതർ ആരംഭിച്ചു.

അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വൈകാനും ചില സർവീസുകൾ തടസ്സപ്പെടാനും സാധ്യതയുണ്ട്. യാത്രക്കാർ ട്രെയിനുകളുടെ നിലവിലെ സമയക്രമവും സർവീസ് വിവരങ്ങളും പരിശോധിച്ചശേഷം യാത്ര പുറപ്പെടണമെന്ന് നിർദേശിക്കുന്നു
ഗതാഗത തടസ്സം ബാധിച്ച പ്രധാന ട്രെയിനുകൾ
* പൂനെ–കന്യാകുമാരി എക്സ്പ്രസ്
* തിരുവനന്തപുരം സെൻട്രൽ–താംബരം എക്സ്പ്രസ്
* ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ്
* പരശുറാം എക്സ്പ്രസ് (കന്യാകുമാരി–മംഗളൂരു)
* പുനലൂർ–കന്യാകുമാരി പാസഞ്ചർ
* താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ
* മധുര–പുനലൂർ എക്സ്പ്രസ്
* അമൃത് ഭാരത് എക്സ്പ്രസ്
* നാഗർകോവിൽ–പുനലൂർ പാസഞ്ചർ
* തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ
ട്രാക്കിലെ തടസ്സം നീക്കി ട്രെയിൻ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾക്കായി യാത്രക്കാർ റെയിൽവേയുടെ അറിയിപ്പുകൾ ശ്രദ്ധിക്കണം.