You are currently viewing മഞ്ഞുപുലിയുടെ സംരക്ഷണത്തിന് ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച് കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ്

മഞ്ഞുപുലിയുടെ സംരക്ഷണത്തിന് ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച് കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ്

ന്യൂഡൽഹി: മഞ്ഞുപുലികളുടെ സംരക്ഷണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ്. അന്താരാഷ്ട്ര മഞ്ഞുപുലി ദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൈവവൈവിധ്യ സംരക്ഷണ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉയർന്ന ഹിമാലയൻ മേഖലകളിലെ വന്യജീവി സംരക്ഷണത്തിൽ ഇന്ത്യ നേതൃത്വം നൽകുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി നടത്തിയ മഞ്ഞുപുലി ജനസംഖ്യാ കണക്കെടുപ്പിൽ ഇന്ത്യൻ ഹിമാലയൻ മേഖലയിൽ ആകെ 718 മഞ്ഞുപുലികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 477 എണ്ണവും ലഡാക്കിലാണ്. രാജ്യത്തെ മഞ്ഞുപുലികളുടെ ആവാസവ്യവസ്ഥയുടെയും അവയുടെ സംരക്ഷണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഞ്ഞുപുലികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുക, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ നടപടികളിലൂടെ ഈ അപൂർവ വന്യജീവിയുടെ ഭാവി സുരക്ഷിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കീർത്തി വർധൻ സിങ് വ്യക്തമാക്കി.

ഹിമാലയൻ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മഞ്ഞുപുലികളുടെ സംരക്ഷണം ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.

Leave a Reply