You are currently viewing ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി; 102.49 ടൺ മാലിന്യം നീക്കി, 5,115 വാഹനങ്ങൾ മാറ്റി

‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി; 102.49 ടൺ മാലിന്യം നീക്കി, 5,115 വാഹനങ്ങൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ വളപ്പുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും വാഹനങ്ങളും നീക്കം ചെയ്യുന്നു. കേരള പോലീസ് നടപ്പാക്കുന്ന ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായി ഇതുവരെ 102.49 ടൺ മാലിന്യവും 5,115 വാഹനങ്ങളുമാണ് നീക്കം ചെയ്തത്.

പൊതുജനങ്ങൾക്കും പരാതിക്കാർക്കും ആത്മവിശ്വാസത്തോടെ എത്തിച്ചേരാൻ കഴിയുന്ന സേവനകേന്ദ്രങ്ങളാക്കി പോലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയിലൂടെ പൗരന്മാരുടെ അന്തസ്സ് മാനിച്ചുകൊണ്ട് കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പാക്കാനും പോലീസ് സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കാനും ലക്ഷ്യമിടുന്നു.

പോലീസ് സ്റ്റേഷനുകളുടെ കാഴ്ചയും അന്തരീക്ഷവും മെച്ചപ്പെടുത്തി വൃത്തിയുള്ളതും ചിട്ടയുള്ളതുമായ പരിസരം ഒരുക്കുന്നതിനും പദ്ധതിയിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്.

മാലിന്യം നീക്കിയതിൽ കോഴിക്കോട് സിറ്റി മുന്നിൽ

ഏറ്റവും കൂടുതൽ മാലിന്യം നീക്കം ചെയ്തത് കോഴിക്കോട് സിറ്റിയിൽ നിന്നാണ്. 12,121 കിലോഗ്രാം മാലിന്യമാണ് ഇവിടെനിന്ന് നീക്കിയത്. 11,001.49 കിലോഗ്രാമുമായി എറണാകുളം റൂറൽ രണ്ടാം സ്ഥാനത്തും 10,901 കിലോഗ്രാമുമായി തൃശ്ശൂർ സിറ്റി മൂന്നാം സ്ഥാനത്തുമാണ്.

വാഹനങ്ങൾ നീക്കിയതിൽ എറണാകുളം റൂറൽ ഒന്നാമത്

പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ വാഹനങ്ങൾ നീക്കം ചെയ്തത് എറണാകുളം റൂറൽ ജില്ലയിലാണ്. ഇവിടെനിന്ന് 563 വാഹനങ്ങൾ മാറ്റി. 525 വാഹനങ്ങൾ നീക്കം ചെയ്ത പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും 521 വാഹനങ്ങൾ മാറ്റിയ കൊല്ലം സിറ്റി മൂന്നാം സ്ഥാനത്തുമാണ്.

‘സ്പേസ്’ പദ്ധതിയിലൂടെ ശുചീകരണം

പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കെട്ടിക്കിടന്ന മാലിന്യങ്ങളും വാഹനങ്ങളും നീക്കം ചെയ്യുന്നത് ‘സ്പേസ്’ (Scrap Processing for Area Cleanup and Enhancement – SPACE) പദ്ധതിയുടെ ഭാഗമായാണ്. കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (KPHCC) നേതൃത്വത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സീറോയുടെ (CERO) സഹകരണത്തോടെയാണ് ‘റീക്ലെയിം, റിന്യൂ, റിവൈവ്’ എന്ന ടാഗ്‌ലൈനിലുള്ള പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി ചെയർമാനും കെ.പി.എച്ച്.സി.സി. മാനേജിംഗ് ഡയറക്ടർ അംഗവുമായ സമിതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽനിന്ന് ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും വാഹനങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനം തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി. പി. വിജയൻ അറിയിച്ചു. പോലീസ് സ്റ്റേഷനുകളെ കൂടുതൽ വൃത്തിയുള്ളതും ജനസൗഹൃദപരവുമായ സേവനകേന്ദ്രങ്ങളാക്കി മാറ്റാൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply