You are currently viewing പഴയങ്ങാടി കുപ്പം പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമ്മാണം വേഗത്തിലാക്കും: എം. വിജിൻ എംഎൽഎ

പഴയങ്ങാടി കുപ്പം പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമ്മാണം വേഗത്തിലാക്കും: എം. വിജിൻ എംഎൽഎ

കണ്ണൂർ: പഴയങ്ങാടി കുപ്പം പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കല്യാശ്ശേരി എംഎൽഎ എം. വിജിൻ. പാലത്തിന്റെ നിർമ്മാണ പ്രവൃത്തി നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.

പിലാത്തറ–പഴയങ്ങാടി–പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ എൽഡിഎഫ് സർക്കാർ 18.51 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി അനുവദിച്ചത്.

ഒൻപത് സ്പാനുകളിലായി 246.15 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിൽ ജലഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി 55.05 മീറ്റർ നീളത്തിലുള്ള സെന്റർ സ്പാനും വിഭാവനം ചെയ്തിട്ടുണ്ട്. പ്രീ-സ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡർ, സോളിഡ് സ്ലാബ് മാതൃകയിൽ നിർമ്മിക്കുന്ന പാലത്തിന് 11 മീറ്റർ വീതിയുണ്ടാകും. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ഒരുക്കും. പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി ഭാഗത്ത് 98 മീറ്ററും താവം ഭാഗത്ത് 108 മീറ്ററും നീളത്തിൽ അനുബന്ധ റോഡുകളും നിർമ്മിക്കുന്നുണ്ട്.

പാലത്തിന്റെ 66 പൈലുകളുടെയും 10 പൈൽ ക്യാപ്പുകളിൽ എട്ടിന്റെയും നിർമ്മാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. എന്നാൽ, സെന്റർ സ്പാനിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ പുഴയിലെ ജലനിരപ്പ് ഉയർന്നത് സാങ്കേതിക തടസ്സങ്ങൾക്ക് കാരണമായി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുപ്പം പുഴയിൽ മണ്ണിട്ട് പ്രവൃത്തികൾ നടത്തിയതിനെത്തുടർന്നാണ് ജലനിരപ്പ് ഉയർന്നതെന്നാണ് വിലയിരുത്തൽ.

ഇതോടെ ടെൻഡറിൽ നിർദേശിച്ച രീതിയിൽ സെന്റർ സ്പാനിന്റെ നിർമ്മാണം നടത്താൻ കഴിയില്ലെന്ന് വിദഗ്ധർ നിർദേശിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി പുഴയുടെ മധ്യഭാഗത്ത് അധിക സ്റ്റേജിംഗ് സംവിധാനം ഒരുക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനായി ഏകദേശം 1.20 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. തുക അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സെന്റർ സ്പാനിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശ്ശൂരിലെ കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടറുടെയും കെആർഎഫ്ബി എൻജിനീയർമാരുടെയും നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കഴിഞ്ഞ ദിവസം പുഴയിൽ ആഴപരിശോധനയ്ക്കായി സർവേ നടത്തി. പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതോടെ സെന്റർ സ്പാനിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പുഴയിൽ മണ്ണ് നിക്ഷേപിക്കാതെയും ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെയും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെയുമാണ് പാലത്തിന്റെ നിർമ്മാണം നടത്തുന്നതെന്ന് എംഎൽഎ വ്യക്തമാക്കി. പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള നിർമ്മാണ പ്രവൃത്തികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

നിർമ്മാണവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന പ്രചാരണങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയുള്ളതാണെന്നും എം. വിജിൻ പറഞ്ഞു. പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply