
കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. കേരള റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച 1.50 കോടി രൂപ ചെലവിലാണ് ജംഗ്ഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ വൈറ്റിലയിൽ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുമെന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈറ്റില ജംഗ്ഷൻ സന്ദർശിച്ച ഉമാ തോമസ് നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ട്രാഫിക് എസിപിയും മറ്റ് ഉദ്യോഗസ്ഥരുമായും പുതിയ ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തി.

ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന വൈറ്റില ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് പതിവ് യാത്രകളെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ്. പുതിയ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുന്നതിലൂടെ വാഹനങ്ങളുടെ സുഗമമായ നീക്കം ഉറപ്പാക്കാനും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി പുതിയ ട്രാഫിക് സംവിധാനം വൈകാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ അധികൃതർ പിന്നീട് വ്യക്തമാക്കും.