You are currently viewing തവനൂരിൽ ആരോഗ്യരംഗത്ത് നിർണായക ഇടപെടൽ; പുറത്തൂർ സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കും

തവനൂരിൽ ആരോഗ്യരംഗത്ത് നിർണായക ഇടപെടൽ; പുറത്തൂർ സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കും

തവനൂർ: മണ്ഡലത്തിലെ ആരോഗ്യരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. തവനൂർ എം.എൽ.എ വി.എസ്. ജോയിയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കിടത്തി ചികിത്സാ സൗകര്യമുള്ള ഒരു സർക്കാർ ആശുപത്രി പോലുമില്ലാത്ത കേരളത്തിലെ അപൂർവം നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് തവനൂരെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ മിക്ക ആശുപത്രികളിലെയും കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നതാണെന്നും ആരോഗ്യരംഗത്തെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സി.എച്ച്.സി) താലൂക്ക് ആശുപത്രിയായി ഉയർത്താനുള്ള തീരുമാനമാണ് യോഗത്തിലെ പ്രധാന നേട്ടം. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കുന്നതിന് നബാർഡ് വഴി ഫണ്ട് അനുവദിക്കാനും തീരുമാനമായി.

തൃക്കണാപുരം സി.എച്ച്.സിയിൽ നിലവിൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാൻ ആറു കോടി രൂപ അനുവദിക്കും. എടപ്പാൾ സി.എച്ച്.സിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴി നേരത്തേ അനുവദിച്ച നാല് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കും.

മൂന്ന് ആശുപത്രികളിലും കിടത്തി ചികിത്സാ സൗകര്യങ്ങൾ ആരംഭിക്കുന്നതിനായി ആവശ്യമായ ജീവനക്കാരെ നിയമിക്കാനും യോഗത്തിൽ തീരുമാനിച്ചു. സിവിൽ സർജന്മാരെയും അസിസ്റ്റന്റ് സർജന്മാരെയും നിയമിക്കുന്നതിനൊപ്പം നഴ്സുമാരുടെയും ഫാർമസിസ്റ്റുമാരുടെയും ഒഴിവുകൾ നികത്തും.

ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും ജീവനക്കാരുടെ നിയമനവും വേഗത്തിലാക്കി പുറത്തൂർ, തൃക്കണാപുരം, എടപ്പാൾ എന്നിവിടങ്ങളിൽ കിടത്തി ചികിത്സ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എയുടെ പോസ്റ്റിൽ വ്യക്തമാക്കുന്നു. തീരുമാനങ്ങൾ നടപ്പാകുന്നതോടെ തവനൂർ മണ്ഡലത്തിലെ ആരോഗ്യരംഗത്തെ പ്രതിസന്ധികൾക്ക് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply