
തിരുവനന്തപുരം: നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരിന്റെ നടപടികളാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വിദ്യാർത്ഥി തലമുണ്ഡനം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

സമരം ചെയ്ത ഉദ്യോഗാർത്ഥികളെ മുൻ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും നിലവിലെ സർക്കാർ അവരുമായി എട്ടുതവണ ചർച്ച നടത്തിയെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉദ്യോഗാർത്ഥികൾ ഉന്നയിച്ച അഞ്ചു ആവശ്യങ്ങളിൽ നാലെണ്ണത്തിലും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ ആവശ്യത്തിൽ സർക്കാരിന് ചില പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

500 ഒഴിവുകൾ പ്രഖ്യാപിക്കുമ്പോൾ തന്നെ 1,500 പേർ നിയമനം കാത്ത് പുറത്തുനിൽക്കുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരുടെ താൽപര്യങ്ങളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഇതിനുപുറമെ 15,000 പേരുടെ റാങ്ക് ലിസ്റ്റ് കൂടി വരാനിരിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും എങ്ങനെ നിയമനം നൽകാനാകുമെന്നതും സർക്കാർ പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളും നിലവിലുള്ള ഒഴിവുകളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഇത്തരം പ്രതിഷേധങ്ങളിലേക്ക് നീങ്ങേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചത് മുൻ സർക്കാരിന്റെ ഭാഗത്തുണ്ടായ ബുദ്ധിശൂന്യമായ നടപടികളാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.