You are currently viewing കിഫ്ബിയുടെ കടബാധ്യത സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം; പ്രവർത്തനരീതിയിൽ മാറ്റം വേണം: മാത്യു കുഴൽനാടൻ

കിഫ്ബിയുടെ കടബാധ്യത സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം; പ്രവർത്തനരീതിയിൽ മാറ്റം വേണം: മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കിഫ്ബി വഴി സൃഷ്ടിച്ച വലിയ കടബാധ്യത പ്രധാന കാരണങ്ങളിലൊന്നാണെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന ഖജനാവിന് അധിക ബാധ്യതയുണ്ടാക്കാതെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി രൂപീകരിച്ചതെങ്കിലും കഴിഞ്ഞ രണ്ട് സർക്കാരുകളുടെ കാലത്ത് ഈ ലക്ഷ്യത്തിൽനിന്ന് വ്യതിചലനമുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.

കിഫ്ബി വഴി വരുത്തിവെച്ച കടബാധ്യത ചെറുതല്ലെന്നും സംസ്ഥാനത്തിന്റെ പൊതു വായ്പാ പരിധിയെ കടമെടുപ്പുകൾ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. ഇത് സർക്കാരിന് മേൽ കടുത്ത സാമ്പത്തിക സമ്മർദം സൃഷ്ടിച്ചുവെന്നും സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായി കിഫ്ബിയുടെ കടബാധ്യതയെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കിഫ്ബി എന്ന ആശയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അതിന്റെ പ്രവർത്തനരീതിയിൽ അടിയന്തരവും ഘടനാപരവുമായ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. കൂടുതൽ കടമെടുക്കുന്നതിന് പകരം വരുമാനം സൃഷ്ടിക്കുന്ന വികസന പദ്ധതികൾക്ക് കിഫ്ബി മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.

ടോൾ അധിഷ്ഠിത പദ്ധതികൾ, വ്യവസായ പാർക്കുകൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയ്ക്ക് കിഫ്ബി വഴി മുൻഗണന നൽകണം. ഇത്തരം വരുമാനദായക പദ്ധതികൾ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന് അധിക കടമെടുപ്പിനെ ആശ്രയിക്കാതെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ സാധിക്കുമെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ഭദ്രതയുള്ള ഏജൻസികൾക്ക് കേരളത്തിലെ വികസന പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്താൻ സർക്കാർ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പങ്കാളിത്തം വെറും വായ്പയായി പരിമിതപ്പെടുത്താതെ നേരിട്ടുള്ള വിദേശ നിക്ഷേപമായോ ദീർഘകാല പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലോ നടപ്പാക്കണം. അന്താരാഷ്ട്ര ഏജൻസികളെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത് സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ കടബാധ്യത സൃഷ്ടിക്കാത്തതും സാമ്പത്തികമായി സുസ്ഥിരവുമായ വികസന മാതൃകയിലേക്ക് കേരളം മാറേണ്ടതുണ്ടെന്നും കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ വരുമാനദായക പദ്ധതികൾക്ക് മുൻഗണന നൽകുന്നത് അതിന് സഹായകമാകുമെന്നും മാത്യു കുഴൽനാടൻ നിയമസഭയിൽ വ്യക്തമാക്കി.

Leave a Reply