
കൊല്ലം:ഓടനാവട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജിഭവനിൽ രാജേഷ്–അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ എസ്.കെ.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

വ്യാഴാഴ്ച (ഒക്ടോബർ 29) വൈകിട്ടാണ് സംഭവം. വൈകിട്ട് അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ മാളവിക കുളിക്കാനായി വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മാളവിക താഴേക്ക് വരാത്തതിനെ തുടർന്ന് വീട്ടുകാർ മുകളിലെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട സൗഹൃദങ്ങളും മറ്റ് സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ടെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.