You are currently viewing വൈദ്യുതി പ്രതിസന്ധി: പീക്ക് സമയത്ത് 738 മെഗാവാട്ടിന്റെ കുറവ്; മറ്റ് സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ നീക്കം

വൈദ്യുതി പ്രതിസന്ധി: പീക്ക് സമയത്ത് 738 മെഗാവാട്ടിന്റെ കുറവ്; മറ്റ് സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ നീക്കം

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലുണ്ടായ അസാധാരണ വർധനവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. പീക്ക് സമയങ്ങളിൽ മാത്രം 738 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നിലവിലുള്ളതെന്നും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിൽ തന്നെ വൈദ്യുതി മേഖല വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിപണിയിലെ ഉയർന്ന വില വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള എല്ലാ സാധ്യതകളും സർക്കാർ പരിശോധിക്കുകയാണ്.

ഹിമാചൽ പ്രദേശിൽനിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് പുറമെ മറ്റ് സ്രോതസ്സുകളിൽനിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പീക്ക് സമയത്തെ വൈദ്യുതി കുറവ് പരിഹരിക്കുന്നതിന് കൂടുതൽ ഇടപെടലുകൾ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.

പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചീഫ് സെക്രട്ടറിയുമായും ഇന്നലെ വിശദമായ ചർച്ച നടത്തിയിരുന്നു. സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ തുടരുകയാണെന്നും പ്രതിസന്ധി ഉടൻ മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി ഉപയോഗത്തിൽ പരമാവധി മിതത്വം പാലിക്കണമെന്നും അനാവശ്യമായ വൈദ്യുതി ഉപഭോഗം ഒഴിവാക്കി സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി എല്ലാ ഉപഭോക്താക്കളോടും അഭ്യർഥിച്ചു.

Leave a Reply