
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭയിൽ അറിയിച്ചു. പ്രത്യേക കമ്മിറ്റി സമർപ്പിച്ച പഠന റിപ്പോർട്ട് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

കുന്നമംഗലം എംഎൽഎ എം.എ. റസാഖ് മാസ്റ്ററാണ് നിയമസഭയിൽ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉന്നയിച്ചു.

ഇതിന് മറുപടിയായാണ് പ്രത്യേക കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്നും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചത്.
ജനപ്രതിനിധികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടിയുള്ള ഇടപെടലുകൾ തുടരുമെന്ന് എം.എ. റസാഖ് മാസ്റ്റർ പ്രതികരിച്ചു. ഓണറേറിയം വർധനയുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ തദ്ദേശ ജനപ്രതിനിധികൾക്ക് പ്രതീക്ഷ നൽകുന്നതാണ് മന്ത്രിയുടെ മറുപടി.