You are currently viewing നഫീസത്തുൽ മിസ്രിയക്കെതിരായ സൈബർ ആക്രമണവും പോലീസ് നടപടിയും; പിണറായിക്ക് മറുപടിയുമായി മന്ത്രി റോജി എം. ജോൺ

നഫീസത്തുൽ മിസ്രിയക്കെതിരായ സൈബർ ആക്രമണവും പോലീസ് നടപടിയും; പിണറായിക്ക് മറുപടിയുമായി മന്ത്രി റോജി എം. ജോൺ

മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെയും വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെയും വിമർശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ജനാധിപത്യവും മനുഷ്യത്വവും സംബന്ധിച്ച പിണറായി വിജയന്റെ നിലപാടുകളെ പരിഹസിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

നഫീസത്തുൽ മിസ്രിയക്കെതിരായ സൈബർ ആക്രമണവും വിദ്യാർത്ഥികളെ പ്രതിചേർത്ത് പോലീസ് നടത്തുന്ന നടപടികളും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് പിണറായി വിജയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചിരുന്നു. മന്ത്രിയുടെ സംഘപരിവാർ വിധേയത്വത്തെയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എം.ജി സർവകലാശാലയിൽ സംഘപരിവാർ അനുകൂലിയെ വൈസ് ചാൻസലറാക്കിയപ്പോഴും സെനറ്റിലും സിൻഡിക്കേറ്റിലും ആർഎസ്എസ് അനുകൂലികളെ നിയമിച്ചപ്പോഴും കാലിക്കറ്റ് സർവകലാശാലയിലെ പഠനബോർഡുകളിൽ 32 ആർഎസ്എസ് പ്രവർത്തകരെ നിയമിച്ചപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രി നിസ്സംഗത പാലിച്ചുവെന്നായിരുന്നു പിണറായി വിജയന്റെ ആരോപണം. കാലടി സർവകലാശാലാ വൈസ് ചാൻസലറുടെ വിദ്യാർത്ഥിവിരുദ്ധ നടപടികൾക്കും മന്ത്രി ഒത്താശ ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാർ പ്രവർത്തകർ വഴിയിൽ തടഞ്ഞ് അപമാനിച്ച സംഭവത്തിൽ പെറ്റിക്കേസ് പോലും എടുക്കാത്ത പോലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും പിണറായി വിജയൻ ആരോപിച്ചു. വിദ്യാർത്ഥികൾക്കെതിരായ ഇത്തരം നടപടികളിൽ ശക്തമായ പ്രതിഷേധമുയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിന് മറുപടിയായാണ് റോജി എം. ജോണിന്റെ സമൂഹമാധ്യമ പോസ്റ്റ്. പ്രതിഷേധക്കാരെ ‘കടക്ക് പുറത്ത്’ എന്നോ ‘വീട്ടിൽ പോയി ചോദിക്കൂ’ എന്നോ പറഞ്ഞ് ആട്ടിയോടിക്കണമായിരുന്നുവെന്നും അങ്ങനെ പിണറായി വിജയനെപ്പോലെ ഉന്നതമായ ജനാധിപത്യബോധം പ്രകടിപ്പിക്കണമായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു.

പ്രതിഷേധക്കാരെ നേരിടാൻ ചെടിച്ചട്ടിയോ ഹെൽമറ്റോ നൽകി ചിലരെക്കൊണ്ട് ‘രക്ഷാപ്രവർത്തനം’ നടത്തിക്കണമായിരുന്നുവെന്നും കറുത്ത ബാനർ, കറുത്ത മാസ്ക്, കറുത്ത വസ്ത്രം എന്നിവയ്ക്ക് പരിപാടികളിൽ നിരോധനം ഏർപ്പെടുത്തണമായിരുന്നുവെന്നും പോസ്റ്റിൽ മന്ത്രി പരിഹാസരൂപേണ പറഞ്ഞു.

മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം തനിക്കില്ലെന്നും മന്ത്രിയുടെ കുറിപ്പിലുണ്ട്. തനിക്ക് അറിയാവുന്നത് ജനാധിപത്യത്തിന്റെ ഭാഷ മാത്രമാണെന്നും അതാണ് തന്റെ കുറവെങ്കിൽ അത് അങ്ങനെതന്നെ തുടരട്ടെയെന്നും പറഞ്ഞാണ് റോജി എം. ജോൺ കുറിപ്പ് അവസാനിപ്പിച്ചത്.

Leave a Reply