
കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളജിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സവിൻ (33) എന്നിവരാണ് മരിച്ചത്.

സാജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സവിനെ മറ്റൊരു മുറിയിൽ അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പുമുറിയിൽനിന്ന് സാജുവും ഭാര്യയും ചേർന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും ഇത് തിരിച്ചടയ്ക്കാൻ ഒരു ബന്ധുവിനെ ചുമതലപ്പെടുത്തുന്നതായും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പണം നൽകാനുള്ളവരുടെ പേരുവിവരങ്ങളും കുറിപ്പിലുണ്ട്.
മാതാപിതാക്കൾ ജീവനൊടുക്കിയതിനു പിന്നാലെ അവരുടെ മൃതദേഹങ്ങൾ കണ്ട മകൻ മാനസികമായി തകർന്നതിനെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണങ്ങളുടെ യഥാർഥ സാഹചര്യങ്ങൾ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.