
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടി രൂപയിലധികം ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മുഖ്യമന്ത്രി വി.ഡി. സതീശൻ റദ്ദാക്കി. മുഖ്യമന്ത്രിയെയോ ഓഫീസിനെയോ അറിയിക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് നടപടി.

ഉത്തരവിനെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. ഇതോടെ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് അടിയന്തര വിശദീകരണ റിപ്പോർട്ട് സമർപ്പിക്കാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ അധികാരമേറ്റ സമയത്തുതന്നെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലുകളോ പുതിയ നിർമ്മാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് നിർദേശം നൽകിയിരുന്നതായി അധികൃതർ വ്യക്തമാക്കി. ഈ നിലപാടിന് വിരുദ്ധമായാണ് ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയത്.
അതേസമയം, 2022 മുതൽ തയ്യാറാക്കിയ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പോലും അറിയിക്കാതെ ഉത്തരവിറക്കിയതിൽ വിശദീകരണം തേടിയിരിക്കുകയാണ് സർക്കാർ.
ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ തുടർനടപടികൾ വിശദീകരണ റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനിക്കുക.