You are currently viewing റോഡപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; ആദ്യഘട്ടത്തിൽ കൊല്ലം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ

റോഡപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; ആദ്യഘട്ടത്തിൽ കൊല്ലം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി വിലപ്പെട്ട ജീവനുകൾ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ‘ഗോൾഡൻ ഗോൾ’ പദ്ധതി നടപ്പാക്കുന്നു. അപകടത്തിൽപ്പെട്ടവരുടെ പരിക്കിന്റെ സ്വഭാവവും ആരോഗ്യനിലയും വിലയിരുത്തി ഏറ്റവും അനുയോജ്യമായ ആശുപത്രിയിൽ സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. 108 ആംബുലൻസുകൾക്കൊപ്പം മറ്റ് സർക്കാർ ആംബുലൻസുകളെയും പദ്ധതിയുടെ ഭാഗമായി ഏകോപിപ്പിക്കും.

ജിപിഎസ് ട്രാക്കിങ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അപകടസ്ഥലത്തേക്ക് ഏറ്റവും അടുത്തുള്ള അനുയോജ്യമായ ആംബുലൻസ് എത്തിക്കും. അപകടത്തിൽപ്പെട്ടയാളുടെ ആരോഗ്യനിലയും പരിക്കിന്റെ സ്വഭാവവും മുൻകൂട്ടി മനസ്സിലാക്കി ആശുപത്രിയിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും ഇതിലൂടെ സാധിക്കും.

രണ്ടാംഘട്ടത്തിൽ സ്വകാര്യ മേഖലയിലെയും സന്നദ്ധ സംഘടനകളിലെയും ആംബുലൻസുകളെയും പദ്ധതിയുടെ ഭാഗമാക്കും. അടിയന്തര ചികിത്സ വൈകാതെ ലഭ്യമാക്കി അപകടമരണങ്ങൾ കുറയ്ക്കാനും കൂടുതൽ ജീവനുകൾ രക്ഷിക്കാനുമുള്ള സമഗ്ര ഇടപെടലായാണ് ആരോഗ്യവകുപ്പ് ‘ഗോൾഡൻ ഗോൾ’ പദ്ധതി നടപ്പാക്കുന്നത്.

Leave a Reply