
തിരുവനന്തപുരം: 2026–27 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ഭക്തരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കുന്നു. വിമാനമാർഗം കേരളത്തിലെത്തുന്ന തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ ഇതിലൂടെ സാധിക്കും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.30-ന് പമ്പയിലേക്ക് ബസ് പുറപ്പെടും. തിരികെ പമ്പയിൽ നിന്ന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 8.30-ന് പമ്പയിലേക്ക് സർവീസ് ആരംഭിക്കും. പമ്പയിൽ നിന്ന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് രാത്രി വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് മടക്കയാത്ര ക്രമീകരിക്കുക.

വിമാനത്താവളങ്ങളിൽ എത്തുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കും. കെഎസ്ആർടിസിയുടെ ബുക്കിങ് വെബ്സൈറ്റിന് പുറമെ വിമാന ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകൾ വഴിയും ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നവർക്ക് ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യുന്നതിനും സംവിധാനമൊരുക്കും.
വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്കിങ് ലിങ്കും ലഭ്യമാക്കും. കൂടാതെ, ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാനങ്ങളുടെ സമയവിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സർവീസുകൾ സംബന്ധിച്ച് കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. നവംബർ 5-ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചത്.
പുതിയ സർവീസുകൾ നിലവിൽ വരുന്നതോടെ വിമാനമാർഗം കേരളത്തിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് പമ്പയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. ദർശനത്തിന് ശേഷം വിമാനത്താവളങ്ങളിലേക്ക് മടങ്ങുന്നതിനും ഈ സംവിധാനം സഹായകരമാകും.