
ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷനിൽ തിരക്കേറിയ സമയത്ത് തെരുവുനായയുടെ ആക്രമണം. വെള്ളിയാഴ്ച രാവിലെ ട്രെയിൻ കയറാനെത്തിയ യാത്രക്കാരനും റെയിൽവേ ജീവനക്കാരനായ സത്യനുമാണ് നായയുടെ കടിയേറ്റത്.
ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ ചികിത്സയും പ്രതിരോധ വാക്സിനേഷനും നൽകി.
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ഭീതി പരത്തിയ നായയെ പിന്നീട് നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. ഇതോടെയാണ് കൂടുതൽ യാത്രക്കാർക്ക് കടിയേൽക്കുന്നത് ഒഴിവായത്.

അതേസമയം, ശാസ്താംകോട്ടയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി യാത്രക്കാരും നാട്ടുകാരും പരാതിപ്പെടുന്നു. റെയിൽവേ സ്റ്റേഷൻ പോലുള്ള തിരക്കേറിയ പൊതുസ്ഥലങ്ങളിൽ പോലും തെരുവുനായകളുടെ ആക്രമണം ഉണ്ടാകുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യാത്രക്കാരും നാട്ടുകാരും പ്രതിഷേധത്തിലാണ്.