You are currently viewing ശാസ്താംകോട്ട ഉപജില്ലാ സ്‌കൂൾ കലോത്സവം;പതാരം എസ്.എം.എച്ച്.എസ്.എസിന് ഓവറോൾ കിരീടം

ശാസ്താംകോട്ട ഉപജില്ലാ സ്‌കൂൾ കലോത്സവം;പതാരം എസ്.എം.എച്ച്.എസ്.എസിന് ഓവറോൾ കിരീടം

ശാസ്താംകോട്ട: 2026-ലെ ശാസ്താംകോട്ട ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി പതാരം എസ്.എം.എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യൻമാരായി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ 485 പോയിന്റുകൾ നേടിയാണ് പതാരം സ്‌കൂൾ കിരീടം സ്വന്തമാക്കിയത്. ഭരണിക്കാവ് ജെ.എം. ഹൈസ്‌കൂളിൽ നടന്ന കലോത്സവത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ചു.

ഹൈസ്‌കൂൾ വിഭാഗത്തിൽ 258 പോയിന്റുകളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 227 പോയിന്റുകളും നേടിയാണ് പതാരം എസ്.എം.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനത്തെത്തിയത്. സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ സ്‌കൂളിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ജനറൽ വിഭാഗത്തിലെ ഓവറോൾ പോയിന്റ് നിലയിൽ പതാരം എസ്.എം.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം നേടിയപ്പോൾ പോരുവഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും ശാസ്താംകോട്ട ഡോ. സി.ടി.ഇ.എം.ആർ.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജനറൽ കലാമത്സരങ്ങൾക്ക് പുറമെ സംസ്‌കൃത കലോത്സവത്തിലും പതാരം സ്‌കൂൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഉപജില്ലാ സംസ്‌കൃത കലോത്സവത്തിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം മികവ് തെളിയിച്ചത്. വിവിധ കലാമത്സരങ്ങളിൽ മികച്ച ഗ്രേഡുകൾ സ്വന്തമാക്കിയ വിദ്യാർഥികളുടെ പ്രകടനം സ്‌കൂളിന്റെ ഓവറോൾ കിരീടനേട്ടത്തിന് കരുത്തേകി.

അതേസമയം, പതാരത്തെ മറ്റൊരു വിദ്യാലയമായ എൻ.എസ്.എൻ.പി.എം. യു.പി. സ്‌കൂളും കലോത്സവത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. യു.പി. വിഭാഗത്തിൽ 78 പോയിന്റുകൾ നേടിയാണ് വിദ്യാലയം മികച്ച മുന്നേറ്റം നടത്തിയത്.

Leave a Reply