
ബെംഗളൂരു:ഭാര്യയടക്കം ഭാര്യയുടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായ 52-കാരൻ അറസ്റ്റിൽ. എസ്. ഇന്ദുശേഖർ (52) ആണ് കേസിലെ പ്രതി. രണ്ടാഴ്ചയിലേറെ നീണ്ട കാലയളവിനുള്ളിൽ ഭാര്യയുടെ കുടുംബാംഗങ്ങളെ ഓരോരുത്തരെയായി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
ബെംഗളൂരുവിലെ രാജാജിനഗർ ശ്രീരാംപുരം മേഖലയിലുള്ള ഭാസ്യം സർക്കിളിന് സമീപത്തെ 59-ാം ക്രോസിലുള്ള വാടകവീട്ടിലാണ് കൊലപാതകങ്ങളിൽ ഭൂരിഭാഗവും നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതിയുടെ ഭാര്യ സുനിത (40), അമ്മായിയമ്മ രൂപവതി (65), ഭാര്യയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഏഴ് വയസ്സുകാരനായ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് ആരോപണം. പ്രതിയും സുനിതയും 20 വർഷത്തോളമായി വിവാഹിതരായിരുന്നു.
അത്താഴവിരുന്നിന്റെയും മറ്റും പേരിൽ കുടുംബാംഗങ്ങളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. അമ്മായിയമ്മയെ മട്ടൺ കറി കഴിക്കാനെന്ന പേരിൽ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്. ചിലരെ ഉറക്കഗുളിക നൽകി മയക്കിയശേഷം അടുക്കളയിലെ അരക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.

കൊലപാതകസമയത്തെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ടെലിവിഷന്റെ ശബ്ദം ഉയർത്തിവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിനുശേഷം മൃതദേഹങ്ങൾ തുണിയിലും പ്ലാസ്റ്റിക്കിലും ചാക്കുകളിലുമാക്കി പൊതിഞ്ഞു. രക്തക്കറകൾ നീക്കം ചെയ്യാൻ രാസവസ്തുക്കൾ ഉപയോഗിച്ച് വീടിനുള്ളിൽ വൃത്തിയാക്കിയതായും പൊലീസ് സംശയിക്കുന്നു.
തുടർന്ന് സ്വന്തം ടാക്സിയിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിലെത്തിച്ച് മൃതദേഹങ്ങൾ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കൊല്ലപ്പെട്ടവരുടെ സ്വർണാഭരണങ്ങളും പ്രതി കൈക്കലാക്കിയതായി സൂചനയുണ്ട്.
നേരത്തെ ഏഴ് വയസ്സുകാരനായ പുനീതിന്റെ മൃതദേഹം നന്ദി ഹിൽസ് മേഖലയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. നവംബർ 6–7 തീയതികളിലായി തമിഴ്നാട്ടിലെ സേലം ജില്ലയിലുള്ള വനമേഖലയിൽനിന്ന് സുനിതയുടെയും രൂപവതിയുടെയും മൃതദേഹങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ പ്രതി തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ.
മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്.
കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരിക്കുകയും വീട് പൂട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നളിനിയുടെ അമ്മ തുംഗമ്മ നവംബർ 3ന് നൽകിയ കാണാതായവരെക്കുറിച്ചുള്ള പരാതിയാണ് അന്വേഷണത്തിന് തുടക്കമിട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉൽസൂർഗേറ്റ് പരിസരത്തുനിന്ന് ഇന്ദുശേഖറിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ കാറിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും കണ്ടെത്തിയിരുന്നു. ഏകദേശം 13 വയസ്സുള്ള ബന്ധുവാണെന്ന് കരുതുന്ന കുട്ടി പ്രതിയുടെ അടുത്ത ലക്ഷ്യമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതിയുടെ 17 വയസ്സുള്ള മകൾ മൃതദേഹങ്ങൾ പൊതിയുന്നതിനോ മാറ്റുന്നതിനോ സഹായിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ഭാര്യയുമായും ഭാര്യയുടെ കുടുംബാംഗങ്ങളുമായും ദീർഘകാലമായി നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളാണ് കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ നിരന്തരം സ്വന്തം വീട്ടിൽ പോകുന്നതും അമ്മയും സഹോദരന്മാരും അവൾക്ക് പിന്തുണ നൽകുന്നതും പ്രതിയെ പ്രകോപിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഭാര്യയുടെ കുടുംബം തന്നെ അപമാനിച്ചുവെന്ന പരാതിയും പ്രതിക്കുണ്ടായിരുന്നുവെന്നാണ് വിവരം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളും അന്വേഷണപരിധിയിലുണ്ട്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് ബെംഗളൂരു പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഇന്ദുശേഖറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകങ്ങളുടെ കൃത്യമായ തീയതികൾ, മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റാൻ സഹായിച്ചവരുടെ പങ്ക്, സ്വർണാഭരണങ്ങളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ