
47 വർഷത്തിനിടെ ആദ്യമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഡ്യൂട്ടിക്കിടെ ഒരു സിആർപിഎഫ് ജവാനും വീരമൃത്യു വരിച്ചില്ലെന്ന് മോദി
റായ്പൂർ: നക്സലിസത്തിനും മാവോയിസ്റ്റ് ഭീകരതയ്ക്കുമെതിരായ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിൽ രാജ്യം വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നക്സലിസത്തിന്റെ ഭീഷണിയിൽനിന്ന് രാജ്യത്തെ എല്ലാ ജില്ലകളും മുക്തമായത് ചരിത്രപരമായ നേട്ടമാണെന്നും കോടിക്കണക്കിന് ജനങ്ങൾ ഇടതുപക്ഷ തീവ്രവാദത്തിന്റെ ഭീതിയിൽനിന്ന് മോചിതരായെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി സുരക്ഷാസേനാംഗങ്ങൾ നടത്തിയ ത്യാഗങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു. സിആർപിഎഫ്, കോബ്ര, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സംസ്ഥാന പൊലീസ് സേനകൾ, ബസ്തർ ഫൈറ്റേഴ്സ്, വനിതാ കമാൻഡോകൾ ഉൾപ്പെടെയുള്ള സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഒരുകാലത്ത് 20ഓളം സംസ്ഥാനങ്ങളിലെ 230ലധികം ജില്ലകൾ നക്സലിസത്തിന്റെ പിടിയിലായിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. ബിഹാർ, മഹാരാഷ്ട്ര, ഒഡിഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ പ്രദേശങ്ങൾ നക്സൽ ഭീഷണി നേരിട്ടിരുന്നു.
2004 മുതൽ 2013 വരെയുള്ള കാലയളവിൽ ഓരോ വർഷവും നക്സലൈറ്റുകൾ കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതൽ സുരക്ഷാസേനാംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ സർക്കാരുകൾ നക്സലിസത്തെ ഭേദമാക്കാനാകാത്ത രോഗമായി കണക്കാക്കിയെന്നും പ്രശ്നത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടെന്നും മോദി ആരോപിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഡ്യൂട്ടിക്കിടെ ഒരു സിആർപിഎഫ് ജവാൻ പോലും വീരമൃത്യു വരിച്ചിട്ടില്ലെന്നും 47 വർഷത്തിനിടയിലെ ആദ്യ സംഭവമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ശരിയായ നയങ്ങളുടെയും ശക്തമായ ഇച്ഛാശക്തിയുടെയും വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേവനമനോഭാവത്തോടെ സർക്കാർ നടത്തിയ ഇടപെടലുകൾ നക്സൽ ബാധിത മേഖലകളിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു. നക്സലിസം മൂലം ദുരിതമനുഭവിച്ചവർ പോലും ഇപ്പോൾ സർക്കാരിനും സുരക്ഷാസേനകൾക്കും പിന്തുണയുമായി മുന്നോട്ടുവരുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാജ്യം ആദ്യം’ എന്ന ചിന്താഗതിയോടെ പ്രവർത്തിക്കുമ്പോൾ സമാധാനവും സുരക്ഷയും ഉറപ്പാക്കാനും വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്താനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തിനിടെ നക്സലിസത്തിനും വിഘടനവാദത്തിനുമെതിരായ പോരാട്ടത്തിൽ രാജ്യം മുന്നേറിയതിനൊപ്പം ദാരിദ്ര്യനിർമാർജന രംഗത്തും വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 50 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയെന്നും രാജ്യത്ത് നക്സൽ അക്രമങ്ങൾക്ക് അന്ത്യം കുറിക്കാനായെന്നും മോദി പറഞ്ഞു.
ബസ്തറിലെ കരൺപൂരിലുള്ള സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ സുരക്ഷാ ക്യാമ്പ് സന്ദർശിച്ച പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കുകയും ചെയ്തു.