
രാജ്യത്തുടനീളം പൊതുമേഖലാ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന E20 പെട്രോൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. കർണാടകയിലും വിതരണം ചെയ്യുന്ന ഇന്ധനം ഗുണനിലവാര പരിശോധനയിൽ വിജയിച്ചതായും മന്ത്രാലയം അറിയിച്ചു.
എത്തനോൾ ചേർത്ത മോട്ടോർ ഗ്യാസോലിനുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിശ്ചയിച്ചിട്ടുള്ള IS 17021 മാനദണ്ഡങ്ങൾ E20 പെട്രോൾ പാലിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ശേഖരിച്ച 893 ഇന്ധന സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാം നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചതായി കണ്ടെത്തി. ഇതിൽ കർണാടകയിൽനിന്നുള്ള 56 സാമ്പിളുകളും ഉൾപ്പെടുന്നു. കർണാടകയിലെ സാമ്പിളുകളിൽ എത്തനോളിന്റെ അളവ് 19 മുതൽ 20 ശതമാനം വരെയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്തെ ചില പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിൽ അനുവദനീയമായതിലും കൂടുതൽ എത്തനോൾ അടങ്ങിയിട്ടുണ്ടെന്ന കർണാടക സർക്കാരിന്റെ ആരോപണങ്ങളും മന്ത്രാലയം തള്ളി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും നേരത്തെ ആരോപണങ്ങൾ നിശ്ചിത നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പാലിച്ചുള്ള പരിശോധനകളുടെ അടിസ്ഥാനത്തിലല്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, കർണാടക സർക്കാർ ഉന്നയിച്ച പരാതികളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടി എണ്ണക്കമ്പനികൾ രംഗത്തെത്തി. സാമ്പിളുകൾ ശേഖരിച്ചതിന്റെ പൂർണമായ രേഖകൾ, പെട്രോൾ പമ്പുകൾ തിരിച്ചുള്ള ലബോറട്ടറി പരിശോധനാ റിപ്പോർട്ടുകൾ, പരിശോധനയ്ക്ക് സ്വീകരിച്ച രീതിശാസ്ത്രത്തിന്റെ വിശദാംശങ്ങൾ എന്നിവ കൈമാറണമെന്ന് കമ്പനികൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് മിശ്രിത ഇന്ധനം ബാധകമായ BIS ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിതരണ ശൃംഖലയിലുടനീളം ശക്തമായ ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ നിലവിലുണ്ടെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.