
ന്യൂഡൽഹി: കാൻസർ ചികിത്സാ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ. 137 കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ (എംആർപി) വ്യാപാര ലാഭവിഹിതത്തിന് പരിധി നിശ്ചയിച്ച് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഉത്തരവിറക്കി. പുതുക്കിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുവരെ 76 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ 121 കാൻസർ മരുന്നുകളിലായി 1,225 ഫോർമുലേഷനുകളുടെ പുതുക്കിയ വില റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിൽ 1,031 മരുന്ന് ഫോർമുലേഷനുകളുടെ എംആർപിയിൽ കുറവുണ്ടായിട്ടുണ്ട്. 600 ബ്രാൻഡുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. പരമാവധി വിലക്കുറവ് 96.45 ശതമാനമാണ്.

തിരിച്ചറിഞ്ഞ 137 കാൻസർ മരുന്നുകളിൽ 10 മുതൽ 15 വരെ മരുന്നുകൾ ഇതുവരെ ഇന്ത്യയിൽ വിപണിയിലെത്തിയിട്ടില്ല. ഇവ രാജ്യത്ത് പുറത്തിറക്കുന്ന മുറയ്ക്ക് വ്യാപാര ലാഭവിഹിത നിയന്ത്രണം ബാധകമാക്കുമെന്നും എൻപിപിഎ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്കുറവ് നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 3,502.31 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
കാൻസർ ചികിത്സയ്ക്കാവശ്യമായ അവശ്യ മരുന്നുകൾ സാധാരണക്കാർക്ക് കൂടുതൽ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനും ചികിത്സയുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ സുപ്രധാന നടപടിയായാണ് വ്യാപാര ലാഭവിഹിത നിയന്ത്രണത്തെ വിലയിരുത്തുന്നത്.