
മാവേലിക്കര: മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ദക്ഷിണ റെയിൽവേയുടെ മധുര ഡിവിഷൻ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം, പുതിയ ട്രെയിൻ സ്റ്റോപ്പുകൾ, നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കൽ, മേൽപ്പാലങ്ങളുടെ നിർമാണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
ആവണീശ്വരം, കുരി, കൊട്ടാരക്കര, എഴുകോൺ റെയിൽവേ സ്റ്റേഷനുകളുടെ വികസനവും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതും യോഗത്തിൽ ഉന്നയിച്ചു. വർഷങ്ങളായി പ്രദേശവാസികൾ കാത്തിരിക്കുന്ന മണ്ണാങ്കുഴി മിനി റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം പുതുവർഷത്തിൽ ഉദ്ഘാടനം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി എംപി അറിയിച്ചു. പദ്ധതിയുടെ അനുമതി പുനഃസ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം കണ്ടെത്തുന്നതിനുമുള്ള ഇടപെടലുകൾക്ക് പിന്നാലെയാണ് നിർമാണത്തിലേക്ക് കടക്കുന്നത്. ഇതോടെ വിളക്കുടി പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാല യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഗേജ് കൺവർഷനെ തുടർന്ന് നിർത്തിവെച്ച കൊല്ലം–തിരുനെൽവേലി, കൊല്ലം–തിരുച്ചെന്തൂർ, കൊല്ലം–ഈറോഡ്/പോത്തന്നൂർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ആവശ്യവും എംപി ശക്തമായി ഉന്നയിച്ചു. പുനലൂർ–മധുര ട്രെയിൻ നാഗപട്ടണത്തേക്ക് നീട്ടണമെന്ന നിർദേശവും മുന്നോട്ടുവച്ചു.

ജനുവരി 15ന് സർവീസ് അവസാനിപ്പിക്കുന്ന വിസ്റ്റാഡം കോച്ച് തുടരണമെന്നും ശബരിമല സ്പെഷ്യൽ ട്രെയിനുകൾ കൊട്ടാരക്കര വഴി കോട്ടയത്ത് സർവീസ് അവസാനിപ്പിക്കുന്ന രീതിയിൽ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആഴ്ചയിൽ രണ്ട് ദിവസം മാത്രം സർവീസ് നടത്തുന്ന വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിനമാക്കണമെന്ന ആവശ്യവും റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.
കുരിയിൽ പുതിയ സ്റ്റോപ്പ്; എഴുകോണിലും സ്റ്റോപ്പിന് നീക്കം
പുതുവർഷ സമ്മാനമായി പുനലൂർ–കന്യാകുമാരി ട്രെയിനിന് കുരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംപി അറിയിച്ചു. പ്ലാറ്റ്ഫോം നിർമാണം പൂർത്തിയാകുന്നതോടെ കൊല്ലം–ചെന്നൈ എഗ്മൂർ എക്സ്പ്രസിനും വേളാങ്കണ്ണി എക്സ്പ്രസിനും എഴുകോൺ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികളും മുന്നോട്ടുകൊണ്ടുപോകും.
ആവണീശ്വരം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ നടപടികൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ഉന്നയിച്ചു.
ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങളിൽ കാലതാമസമില്ലാതെ അനുകൂലമായ തുടർനടപടികൾ ആരംഭിക്കുമെന്ന് റെയിൽവേ ഡിവിഷൻ അധികൃതർ ഉറപ്പുനൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ ഓരോ പദ്ധതിയുടെയും പുരോഗതി നേരിട്ട് വിലയിരുത്തി അവ യാഥാർത്ഥ്യമാക്കുന്നതുവരെ ഇടപെടൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.