
തിരുവനന്തപുരം: വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിന് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നിലവിൽ ആറുമാസത്തേക്ക് താൽക്കാലിക സ്റ്റോപ്പായാണ് അനുമതി നൽകിയിരിക്കുന്നതെങ്കിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്റ്റോപ്പ് തുടരുമെന്ന ഉറപ്പും ലഭിച്ചതായി എം.പി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിഷയത്തിൽ അടിയന്തര തീരുമാനം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേരളത്തിലെ നിരവധി സ്ഥിരം ട്രെയിൻ യാത്രക്കാരും വിവിധ യാത്രക്കാരുടെ സംഘടനകളും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേട്ട മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. ദിനംപ്രതി തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് വഞ്ചിനാട് എക്സ്പ്രസിന്റെ പുതിയ സ്റ്റോപ്പ് ഏറെ ഗുണകരമാകുമെന്നും എം.പി അഭിപ്രായപ്പെട്ടു.