
കൊച്ചിയിൽ ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ മുഹമ്മദ് ഇക്ബാലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് പൊലീസുകാരനെ ആക്രമിച്ചത്.
സി.പി.ഒ ലിബിന്റെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്. ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് മുഹമ്മദ് ഇക്ബാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നിയമപരമായ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പരിശോധനയ്ക്കുള്ള നടപടികൾക്കിടെ പ്രകോപിതനായ പ്രതി സി.പി.ഒ ലിബിന്റെ കൈയിൽ കടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസുകാരന് പരിക്കേറ്റു. ആശുപത്രിയിൽ വെച്ചുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
