
ഇടുക്കി: നിർമ്മാണം പുരോഗമിക്കുന്ന മാങ്കുളം 40 മെഗാവാട്ട് ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം. പദ്ധതിയുമായി ബന്ധപ്പെട്ട റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനായി അനുവദിച്ച 20.10 കോടി രൂപയിൽ ആദ്യഗഡുവായ 10.22 കോടി രൂപ കെ.എസ്.ഇ.ബിക്ക് കൈമാറാൻ ഉത്തരവായി.
2026 ജൂണിലാണ് പദ്ധതിയുടെ അനുബന്ധ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനായി കേന്ദ്ര ഊർജ മന്ത്രാലയം 20.10 കോടി രൂപയുടെ ധനസഹായത്തിന് അംഗീകാരം നൽകിയത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ പൂർത്തിയാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങളും ഓഡിറ്റ് ചെയ്ത ബില്ലുകളും പരിശോധിച്ച ശേഷമാണ് ആദ്യഗഡു അനുവദിച്ചത്.
കേന്ദ്ര വൈദ്യുതി അതോറിറ്റിയാണ് ധനസഹായത്തിനായുള്ള അപേക്ഷകൾ വിശദമായി പരിശോധിച്ച് വിലയിരുത്തിയത്. കർശനമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് രാജ്യത്ത് വിരലിലെണ്ണാവുന്ന പദ്ധതികൾക്ക് മാത്രമായി ഈ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളത്.

കെ.എസ്.ഇ.ബി പ്രോജക്ട്സ് പ്ലാനിങ് വിഭാഗം ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളിലെ നടപടികൾ ഏകോപിപ്പിച്ചത്.
കേന്ദ്രസഹായം ലഭിച്ചതോടെ മാങ്കുളം ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം കൈവരുമെന്നാണ് പ്രതീക്ഷ.