You are currently viewing വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ; എൻടിപിസിയുമായി നിർണായക ധാരണകൾ

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ; എൻടിപിസിയുമായി നിർണായക ധാരണകൾ

കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി എൻടിപിസിയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിൽ നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

കായംകുളത്ത് 2000 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി വൈദ്യുതി സംഭരണ സംവിധാനം സ്ഥാപിക്കുന്നതിനായി കെഎസ്ഇബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പുവയ്ക്കും. കായംകുളത്ത് 250 മെഗാവാട്ട്/1000 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി സംഭരണ സംവിധാനത്തിനായി എൻടിപിസി നേരത്തെ ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു.

പോത്തൻകോടും ശ്രീകണ്ഠപുരത്തും 80 മെഗാവാട്ട് വീതം ശേഷിയുള്ള ബാറ്ററി വൈദ്യുതി സംഭരണ പദ്ധതികൾ 2027 മാർച്ചോടെ പ്രവർത്തനക്ഷമമാക്കാനും തീരുമാനമായി. ഈ രണ്ട് സ്ഥലങ്ങളിലായി 80 മെഗാവാട്ട്/320 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള പദ്ധതി വികസിപ്പിക്കുന്നതിനുള്ള എൻടിപിസി ടെൻഡർ നടപടികൾ ഇതിനകം നടന്നിട്ടുണ്ട്.
മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽനിന്ന് കേരളത്തിന് 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലായിരിക്കും വൈദ്യുതി ലഭ്യമാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കായംകുളത്ത് എൻടിപിസി നടപ്പാക്കുന്ന 27 മെഗാവാട്ട് സൗരോർജ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ആവശ്യമായ സംസ്ഥാനതല സഹകരണം ഉറപ്പാക്കാനും ധാരണയായി.
കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് സംസ്ഥാനത്തിനായി സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് എൻടിപിസിയോട് ആവശ്യപ്പെട്ടതായും സതീശൻ പറഞ്ഞു. രാമഗുണ്ടം വൈദ്യുതി നിലയത്തിൽനിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി വൈദ്യുതി വാങ്ങൽ കരാർ ഒപ്പുവയ്ക്കാനുള്ള സന്നദ്ധതയും എൻടിപിസി അറിയിച്ചിട്ടുണ്ട്. രാമഗുണ്ടം എൻടിപിസിയുടെ 2,600 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയമാണ്.

കെഎസ്ഇബിയുടെ മാനേജ്മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എൻടിപിസിയുടെ പ്രൊഫഷണൽ, സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കാനും തീരുമാനമായി.

പുനരുപയോഗ ഊർജം, വൈദ്യുതി സംഭരണം, അധിക വൈദ്യുതി ലഭ്യത, ദീർഘകാല വൈദ്യുതി സുരക്ഷ എന്നിവ ലക്ഷ്യമിട്ടുള്ള നടപടികളാണ് ചർച്ചയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരളം അധിക വൈദ്യുതി ലഭ്യമാക്കാനുള്ള വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply