
ജമ്മു കശ്മീരിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുംഗൽ തുരങ്കം പൊതുജനങ്ങൾക്കായി തുറന്നു. ജമ്മു–പൂഞ്ച് ദേശീയപാതയിലെ നിർണായക ഭാഗമായ തുരങ്കം തുറന്നതോടെ രാജൗരി, പൂഞ്ച് എന്നീ അതിർത്തി ജില്ലകളിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള ഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടും.

ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (BRO) നേതൃത്വത്തിലാണ് സുംഗൽ തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നേരത്തെ ഓഗസ്റ്റ് 22ന് തുരങ്കം പൊതുജനങ്ങൾക്കായി തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സ്വാതന്ത്ര്യദിന സമ്മാനമായി നിശ്ചയിച്ച തീയതിക്ക് മുന്നോടിയായി തന്നെ തുരങ്കം ഗതാഗതത്തിനായി തുറക്കുകയായിരുന്നു.
തുരങ്കം തുറന്നതോടെ ജമ്മു–പൂഞ്ച് ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. പ്രത്യേകിച്ച് മലനിരകളിലൂടെയുള്ള ഗതാഗതം സുഗമമാക്കാനും യാത്രാസമയം കുറയ്ക്കാനും പുതിയ സൗകര്യം സഹായിക്കുമെന്നാണ് പ്രതീക്ഷ.
രാജൗരി, പൂഞ്ച് മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷാ-തന്ത്രപ്രധാനമായ ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിനും സുംഗൽ തുരങ്കം നിർണായകമായ ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.