You are currently viewing ‘140 കോടി ഇന്ത്യക്കാരോട് മാപ്പുപറയണം’; കോൺഗ്രസിനെതിരെ അമിത് ഷാ

‘140 കോടി ഇന്ത്യക്കാരോട് മാപ്പുപറയണം’; കോൺഗ്രസിനെതിരെ അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേ മാതരം ആലാപനം പാതിവഴിയിൽ നിർത്താൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആവശ്യപ്പെട്ടെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലുള്ള ലജ്ജാകരമായ നടപടിയാണിതെന്ന് അമിത് ഷാ വിമർശിച്ചു.

രാജസ്ഥാനിലെ ചിത്തോർഗഡിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെയായിരുന്നു അമിത് ഷായുടെ ആരോപണം. വന്ദേ മാതരത്തിന്റെ പാരമ്പര്യത്തെയും 140 കോടി ഇന്ത്യക്കാരെയും അപമാനിച്ചതിന് കോൺഗ്രസ് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയഗാനമായ വന്ദേ മാതരത്തോട് കോൺഗ്രസ് അനാദരവ് കാണിച്ചുവെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

എന്നാൽ അമിത് ഷായുടെ ആരോപണം കോൺഗ്രസ് തള്ളി. സ്വാതന്ത്ര്യദിന പരിപാടിക്കിടെ സോണിയ ഗാന്ധി വന്ദേ മാതരം നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവർ ചർച്ച ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി.

പരിപാടിയുടെ ദൃശ്യങ്ങളെ രാഷ്ട്രീയമായി വ്യാഖ്യാനിച്ച് ബിജെപി വിവാദമാക്കുകയാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. വന്ദേ മാതരത്തെ അപമാനിക്കുകയോ അതിന്റെ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യാനുള്ള യാതൊരു ഉദ്ദേശവും സോണിയ ഗാന്ധിക്കുണ്ടായിരുന്നില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് ശക്തമായതോടെ വന്ദേ മാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദം ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

Leave a Reply