
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ (എസ്.പി.ഒ) വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കിഷ്ത്വാറിലെ മർവാ മേഖലയിലെ ദച്ചൻ വനമേഖലയിൽ നിന്നാണ് രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തിയത്. റാഷ്പാൽ കുമാർ (45), ബോബി ചന്ദ് (57) എന്നിവരാണ് കൊല്ലപ്പെട്ടത്. നവംബർ 12 വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കിയാറിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ (എസ്.ഒ.ജി) അംഗങ്ങളായിരുന്ന ഇരുവരും സൈന്യത്തിന്റെ 17 രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിന്റെ പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പകരം ചുമതലയേൽക്കാൻ പോകുന്നതിനിടെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഇവരെ കാണാതായത്. വനമേഖലയിൽ വെടിയൊച്ച കേട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇരുവരുടെയും സർവീസ് ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല. ആയുധങ്ങളുമായി അക്രമികൾ കടന്നുകളഞ്ഞതായാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ ഭീകരസംഘങ്ങളാണോയെന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

അക്രമികളെ കണ്ടെത്തുന്നതിനായി ജമ്മു കശ്മീർ പൊലീസും സൈന്യവും കേന്ദ്ര റിസർവ് പൊലീസ് സേനയും സംയുക്തമായി വനമേഖലയിൽ വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാടും ദുർഘടമായ ഭൂപ്രകൃതിയും തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.
കുൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് കേന്ദ്ര റിസർവ് പൊലീസ് സേനാംഗങ്ങൾക്ക് പരിക്കേറ്റതിന് പിന്നാലെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവം. മേഖലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.