
കാസർകോട്: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ രണ്ട് എക്സ്പ്രസ് ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചു. പൂർണ എക്സ്പ്രസിനും രാമേശ്വരം എക്സ്പ്രസിനുമാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചതെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു.
മണ്ഡലത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും നേരത്തെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാനുമുള്ള തന്റെ ശ്രമങ്ങൾ ഫലം കാണുകയാണെന്ന് എംപി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷൻ ആവശ്യമായ ശുപാർശ സമർപ്പിച്ചതായി ഏതാനും ദിവസം മുമ്പ് അറിയാൻ കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് ട്രെയിനുകൾക്ക് കൂടി നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയിൽവേയുടെ അറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി തന്റെ ഓഫീസുമായി ബന്ധപ്പെട്ട് പിന്തുണ നൽകിയ എല്ലാവരെയും റെയിൽവേ ഉദ്യോഗസ്ഥരെയും രാജ്മോഹൻ ഉണ്ണിത്താൻ പ്രത്യേകം അഭിനന്ദിച്ചു.
നീലേശ്വരത്തും പരിസരപ്രദേശങ്ങളിലുമുള്ള യാത്രക്കാർക്ക് പുതിയ തീരുമാനം കൂടുതൽ യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ.