
മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് 13 വയസ്സുകാരനായ ജുനൈദ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് മന്ത്രി ആവശ്യപ്പെട്ടു.
വയലിൽ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നത് കാണാനെത്തിയപ്പോഴാണ് ജുനൈദിന് അപകടമുണ്ടായത്. ഇതിനിടെ വൈദ്യുത പോസ്റ്റിൽ ഉറപ്പിച്ചിരുന്ന സ്റ്റേ കമ്പിയിൽ കുട്ടി പിടിക്കുകയായിരുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുതി ലൈനുമായി സമ്പർക്കത്തിലായിരുന്നതിനാൽ കമ്പിയിലൂടെ വൈദ്യുതി പ്രവഹിച്ചിരുന്നു. ഇതോടെ ജുനൈദിന് ശക്തമായ വൈദ്യുതാഘാതമേറ്റു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്റ്റേ കമ്പിയുടെ അപകടാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ നൽകിയിരുന്നുവെന്നും അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നുമാണ് ആരോപണം.

ജുനൈദിന്റെ അകാല വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും നേരത്തെ പരാതികൾ ലഭിച്ചിട്ടും പരിഹരിക്കുന്നതിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.
ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി കിടക്കുന്നതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരിച്ച ജുനൈദിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി ബോർഡിന്റെ ഭാഗത്തുനിന്ന് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തുടനീളം വൈദ്യുതി സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ അഡ്വ. സണ്ണി ജോസഫ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.