You are currently viewing കോഴഞ്ചേരി സമാന്തര പാലം നാടിന് സമർപ്പിച്ചു; ഗതാഗതക്കുരുക്കിന് പരിഹാരമാകും

കോഴഞ്ചേരി സമാന്തര പാലം നാടിന് സമർപ്പിച്ചു; ഗതാഗതക്കുരുക്കിന് പരിഹാരമാകും

പത്തനംതിട്ട:കോഴഞ്ചേരിയിലെ പുതിയ സമാന്തര പാലം നാടിന് സമർപ്പിച്ചു. ഇന്ന് (നവംബർ 15) വൈകിട്ട് നാലുമണിയോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തിരുവല്ല–കുമ്പഴ സംസ്ഥാനപാതയിൽ പഴയ പാലത്തിന് സമാന്തരമായി നിർമിച്ച പുതിയ പാലം തുറന്നതോടെ കോഴഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

362 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ളതാണ് പുതിയ പാലം. നിരവധി വെല്ലുവിളികൾ മറികടന്നാണ് നിർമാണം പൂർത്തിയാക്കിയത്. നഗരത്തിലൂടെയുള്ള വാഹനഗതാഗതം സുഗമമാക്കുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനും പാലം സഹായകരമാകും.

പാലം തുറന്നതോടെ പ്രദേശത്ത് പുതിയ വൺവേ ഗതാഗത സംവിധാനവും നിലവിൽ വന്നു. കോഴഞ്ചേരിയിൽനിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയ പാലത്തിലൂടെയും തിരുവല്ല ഭാഗത്തുനിന്ന് കോഴഞ്ചേരിയിലേക്ക് വരുന്ന വാഹനങ്ങൾ പഴയ പാലത്തിലൂടെയുമാണ് ഇനി സഞ്ചരിക്കേണ്ടത്.

അതേസമയം, പാലത്തിന്റെ നിർമാണത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി രാഷ്ട്രീയ വിവാദവും നിലനിന്നിരുന്നു. ആറന്മുള എം.എൽ.എ അബിൻ വർക്കിയും മുൻ എം.എൽ.എ വീണാ ജോർജും തമ്മിൽ ഇതുസംബന്ധിച്ച് വാക്പോര് നടന്നിരുന്നു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി മുഖേന നടപ്പാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് യു.ഡി.എഫ് സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു.

രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും പുതിയ പാലം ഗതാഗതത്തിനായി തുറന്നത് കോഴഞ്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply