
മനുഷ്യനിർമിത വസ്തുക്കളിൽ ആദ്യമായി ഭൂമിയിൽനിന്ന് ഒരു പ്രകാശദിനം അകലെയെത്തുന്ന നേട്ടത്തിനരികെ നാസയുടെ ബഹിരാകാശ പേടകമായ വോയേജർ 1. 2026 നവംബർ 18ന് ഇന്ത്യൻ സമയം വൈകിട്ട് ഏകദേശം 3.46ന് പേടകം ഈ ചരിത്രനേട്ടം കൈവരിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ സമയം നവംബർ 18ന് പുലർച്ചെ 5.16ഓടെയാണ് ഈ നാഴികക്കല്ല് പിന്നിടുക.
പ്രകാശം 24 മണിക്കൂറിനുള്ളിൽ സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശദിനം (Light-day). ഏകദേശം 2600 കോടി കിലോമീറ്ററാണ് ഈ ദൂരം. 1977 സെപ്റ്റംബറിൽ വിക്ഷേപിച്ച വോയേജർ 1, ഏകദേശം 49 വർഷത്തെ യാത്രയ്ക്കുശേഷമാണ് ഈ നേട്ടത്തിലെത്തുന്നത്. മണിക്കൂറിൽ ഏകദേശം 61,000 കിലോമീറ്റർ വേഗത്തിലാണ് പേടകം ഇപ്പോൾ നക്ഷത്രാന്തര ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നത്.
ഈ നേട്ടത്തോടെ ഭൂമിയിൽനിന്ന് അയയ്ക്കുന്ന റേഡിയോ സന്ദേശം പേടകത്തിലെത്താൻ ഏകദേശം 24 മണിക്കൂർ വേണ്ടിവരും. അതുപോലെ പേടകത്തിൽനിന്നുള്ള മറുപടി ഭൂമിയിലെത്താനും 24 മണിക്കൂർ എടുക്കും. അതായത് ഒരു സന്ദേശം അയച്ച് അതിന്റെ പ്രതികരണം ലഭിക്കാൻ ഏകദേശം 48 മണിക്കൂർ വേണ്ടിവരും.

സൗരയൂഥത്തെ ചുറ്റിയുള്ള ഹീലിയോസ്ഫിയറിന്റെ അതിർത്തി കടന്ന് നക്ഷത്രാന്തര ബഹിരാകാശത്തിലെത്തിയ വോയേജർ 1 ഇപ്പോഴും ശാസ്ത്രീയ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. സൂര്യനിൽനിന്നുള്ള കണികാപ്രവാഹവും കാന്തികമണ്ഡലവും സ്വാധീനിക്കുന്ന മേഖലയ്ക്ക് പുറത്തുള്ള ബഹിരാകാശത്തെക്കുറിച്ച് നിർണായക വിവരങ്ങളാണ് പേടകം നൽകുന്നത്.
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ അപൂർവ നേട്ടമായിരിക്കും വോയേജർ 1ന്റെ ഈ പുതിയ ദൂരനാഴികക്കല്ല്.