You are currently viewing മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്‌കാരം; ശത്രുക്കളെ മിത്രങ്ങളാക്കണം, യഥാർത്ഥ ശത്രു തിന്മയെന്ന് മെഗാസ്റ്റാർ

മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്‌കാരം; ശത്രുക്കളെ മിത്രങ്ങളാക്കണം, യഥാർത്ഥ ശത്രു തിന്മയെന്ന് മെഗാസ്റ്റാർ

കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്‌കാരം സമ്മാനിച്ചു. കോലഞ്ചേരിയിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം നൽകിയത്. കാലം ചെയ്ത കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥമാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ആഗോള സുറിയാനി ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് മമ്മൂട്ടിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച മമ്മൂട്ടി, മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പ്രാധാന്യം ഓർമിപ്പിച്ചു. ശത്രുക്കളെ ഇല്ലാതാക്കാൻ താൻ പ്രയോഗിക്കുന്ന ചെറിയ വിദ്യ അവരെ മിത്രങ്ങളാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശത്രുക്കൾ അതിന് മുൻകൈ എടുത്തില്ലെങ്കിലും നമ്മൾ തന്നെ അതിനായി ശ്രമിക്കണമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

മനുഷ്യരല്ല യഥാർഥ ശത്രുക്കളെന്നും തിന്മയാണ് മനുഷ്യന്റെ യഥാർഥ ശത്രുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഉണരുമ്പോൾ മുതൽ വെറുപ്പും വിദ്വേഷവും പടർത്തുന്ന കാര്യങ്ങളാണ് കാണുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യരെ ശത്രുക്കളായി കാണുന്നതിന് പകരം തിന്മയെ തിരിച്ചറിയുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നത് സമാധാനമാണെന്നും പണമോ മറ്റ് സൗകര്യങ്ങളോ അല്ല ജീവിതത്തിൽ വലുതെന്നും മമ്മൂട്ടി പറഞ്ഞു. പരസ്പര സ്നേഹവും സൗഹാർദവും നിലനിർത്തി സമാധാനത്തോടെ ജീവിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം തന്റെ വാക്കുകളിലൂടെ പങ്കുവെച്ചു.

Leave a Reply