You are currently viewing ശബരിമലയിൽ പുതിയ തന്ത്രി; കണ്ഠരര് ബ്രഹ്മദത്തനെ നിയമിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ പുതിയ തന്ത്രി; കണ്ഠരര് ബ്രഹ്മദത്തനെ നിയമിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡിന്റെ യോഗത്തിലാണ് നിയമനത്തിന് അന്തിമ അംഗീകാരം നൽകിയത്.

നിലവിലെ തന്ത്രിയായ കണ്ഠരര് രാജീവര് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദേവസ്വം ബോർഡിന് കത്തും നൽകിയിരുന്നു.

ബ്രഹ്മദത്തന് താന്ത്രികവൃത്തിയിൽ ആവശ്യമായ പ്രാവീണ്യവും യോഗ്യതയും ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതി അനുകൂല റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നിയമനത്തിന് ബോർഡ് അംഗീകാരം നൽകിയത്.

പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തൻ ചിങ്ങം ഒന്ന്, അതായത് ഓഗസ്റ്റ് 17 മുതൽ അടുത്ത വർഷം കർക്കടകം 31 വരെ ചുമതല വഹിക്കും.

ദേവസ്വം ബോർഡിന്റെ ഈ അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്ച കേരള ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് ബോർഡ് അധികൃതർ അറിയിച്ചു. ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതലകളിൽ പുതിയ അധ്യായത്തിന് ഇതോടെ തുടക്കമാകുകയാണ്.

Leave a Reply