
കോഴിക്കോട്: കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിനിയായ യുവതി മരിച്ചു. കുനിയിൽകടവ് നമ്പ്യാട്ടുംപുറം വടക്കേ പീടികയിൽ പരേതനായ സുരേഷിന്റെ മകൾ അനുശ്രീ (28) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കൊച്ചി സീപോർട്ട്–എയർപോർട്ട് റോഡിൽ ഭാരതമാതാ കോളേജിന് സമീപമായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അനുശ്രീ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയ അനുശ്രീ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. മോഡലിംഗ് രംഗത്തും സജീവമായിരുന്ന യുവതി അടുത്തിടെ ഒരു സീരിയലിലും അഭിനയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 28നാണ് അനുശ്രീയുടെ പിതാവ് സുരേഷ് മരിച്ചത്. പിതാവിന്റെ വിയോഗത്തിന് പിന്നാലെ കുടുംബത്തെ തേടിയെത്തിയ അനുശ്രീയുടെ അപ്രതീക്ഷിത മരണവാർത്ത ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
അമ്മ: ബീന. സഹോദരി: ദേവനന്ദ (ബി.ഡി.എസ് വിദ്യാർഥിനി, മഞ്ചേരി മെഡിക്കൽ കോളേജ്).