
പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും വിവിധ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി ശബരി പോർട്ടൽ സജ്ജമായി. വെർച്വൽ ക്യൂ ബുക്കിങ് മുതൽ യാത്ര, താമസം, ആശുപത്രികൾ, ഗതാഗതം തുടങ്ങിയ വിവരങ്ങൾ വരെ പോർട്ടലിലൂടെ ലഭ്യമാകും. തീർഥാടനം കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തീർഥാടനത്തിനിടെ കാണാതാകുന്നവരെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കുന്നതിനും പോർട്ടലിൽ പ്രത്യേക സൗകര്യമുണ്ട്. കടകളിലും മറ്റും അമിതവില ഈടാക്കിയാൽ പരാതിപ്പെടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വെബ്സൈറ്റിന് പുറമെ വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴിയും തീർഥാടകർക്ക് വിവരങ്ങൾ തേടാം. ഇതിനായി 94009 67300 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

sabariportaldcpta.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് തീർഥാടകർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം. വിവിധ ഓഫീസുകൾ കയറിയിറങ്ങാതെ ആവശ്യമായ വിവരങ്ങളും സഹായങ്ങളും ഒരിടത്തുനിന്ന് ലഭ്യമാക്കാൻ കഴിയുമെന്നതാണ് ശബരി പോർട്ടലിന്റെ പ്രധാന പ്രത്യേകത.