
തിരുവനന്തപുരം: റേഷൻ കടകളിലെ നീണ്ട ക്യൂവും കാത്തിരിപ്പും ഒഴിവാക്കി ഭക്ഷ്യധാന്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ സാങ്കേതിക സംവിധാനവുമായി ഭക്ഷ്യവകുപ്പ്. ബാങ്ക് എ.ടി.എമ്മിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന ‘അന്നപൂർത്തി ഗ്രെയിൻ എ.ടി.എം’ സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. 24 മണിക്കൂറും റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങളും ബയോമെട്രിക് വിരലടയാളവും ഉപയോഗിച്ചാണ് യന്ത്രത്തിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക. ഗുണഭോക്താവിന്റെ തിരിച്ചറിയൽ ഉറപ്പാക്കിയശേഷം ആവശ്യമായ ധാന്യങ്ങൾ യന്ത്രത്തിലൂടെ വിതരണം ചെയ്യും.
അഞ്ച് മിനിറ്റിനുള്ളിൽ ഏകദേശം 50 കിലോ വരെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ ശേഷിയുള്ളതാണ് അന്നപൂർത്തി ഗ്രെയിൻ എ.ടി.എം. ഇതിലൂടെ റേഷൻ വിതരണത്തിലെ കാലതാമസം കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കും. പരീക്ഷണത്തിന്റെ വിജയത്തെ അടിസ്ഥാനമാക്കി കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
റേഷൻ വിതരണരംഗത്ത് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമായ പൊതുവിതരണ സംവിധാനം ഒരുക്കാനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് അന്നപൂർത്തി ഗ്രെയിൻ എ.ടി.എം പദ്ധതി വിലയിരുത്തപ്പെടുന്നത്.