You are currently viewing നെടുമ്പാശേരി വാഹനാപകടക്കേസ്: ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിൽ പുറത്തിറങ്ങി

നെടുമ്പാശേരി വാഹനാപകടക്കേസ്: ഒന്നാം പ്രതി സുഹൈൽ സജീവ് ജാമ്യത്തിൽ പുറത്തിറങ്ങി

കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ജാമ്യത്തിൽ പുറത്തിറങ്ങി. 36 ദിവസത്തെ റിമാൻഡിന് ശേഷമാണ് സുഹൈൽ ജയിൽ മോചിതനായത്. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ നിന്നാണ് ഇയാൾ പുറത്തിറങ്ങിയത്.

കേരള ഹൈക്കോടതി നേരത്തെ കേസിലെ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നവംബർ ആറിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കേസിലെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാൻ കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സുഹൈലിന്റെ ജയിൽ മോചനം നവംബർ 16-ലേക്ക് നീണ്ടത്.

ഒക്ടോബർ 11-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം. നെടുമ്പാശേരി എയർപോർട്ട് റോഡിൽ സുവർണ്ണോദ്യാനത്തിന് സമീപം സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് മൂന്ന് യുവാക്കൾ മരിച്ചത്.

അപകടത്തിൽ സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കേസ്. മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.

Leave a Reply