You are currently viewing കമ്മ്യൂണിസ്റ്റ് എംപിയുടെ ആഡംബര ജീവിതം; സുജിത് വെങ്കടേശനെതിരെ ജസ്റ്റിസ് സ്വാമിനാഥന്റെ പരാമർശം

കമ്മ്യൂണിസ്റ്റ് എംപിയുടെ ആഡംബര ജീവിതം; സുജിത് വെങ്കടേശനെതിരെ ജസ്റ്റിസ് സ്വാമിനാഥന്റെ പരാമർശം

തമിഴ്‌നാട്ടിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിന്റെ പരിഗണനയ്ക്കിടെ സിപിഎം എംപി സുജിത് വെങ്കടേശന്റെ ജീവിതശൈലിയെക്കുറിച്ച് പരാമർശവുമായി മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. മെഴ്‌സിഡസ് ബെൻസ് കാറിൽ സഞ്ചരിക്കുന്നതും ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുന്നതും ഫസ്റ്റ് എസി ട്രെയിൻ യാത്ര നടത്തുന്നതും കണ്ടിട്ടുണ്ടെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. സ്വയം കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ഒരാളുടെ ഇത്തരം ജീവിതശൈലിക്കുള്ള സാമ്പത്തിക സ്രോതസ്സ് പുസ്തകങ്ങളുടെ റോയൽറ്റിയാണോയെന്നും ജഡ്ജി ചോദ്യം ഉന്നയിച്ചു.

സംഭവത്തിന് പിന്നാലെ എംപി സമൂഹമാധ്യമമായ എക്സിൽ ജഡ്ജിയുടെ പരാമർശത്തെ വിമർശിച്ചിരുന്നു. അഴിമതിക്കേസിൽ കുറ്റക്കാർക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കുകയാണ് കോടതികളുടെ ചുമതലയെന്നും പാപപരിഹാരം നിർദേശിക്കേണ്ടത് ജ്യോത്സ്യന്മാരാണെന്നുമായിരുന്നു സുജിത് വെങ്കടേശന്റെ പ്രതികരണം. അംബേദ്കറെയും പെരിയാറെയും പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

കോയമ്പത്തൂരിലെ പെരിയാർ അറിവുലകം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് വിവാദത്തിന് ആധാരം. അഗൽ വിളക്ക് പബ്ലിക്കേഷൻസ് ഉൾപ്പെടെയുള്ള പ്രസാധകരിൽനിന്ന് ഉയർന്ന വിലയ്ക്ക് വ്യാജവും സംശയാസ്പദവുമായ പുസ്തകങ്ങൾ വാങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. എഴുത്തുകാരൻ പെരുമാൾ മുരുകൻ സമൂഹമാധ്യമങ്ങളിലൂടെ വിഷയം ഉന്നയിച്ചതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്.

വിവാദ പരാമർശത്തിൽ വിശദീകരണവുമായി ജസ്റ്റിസ് സ്വാമിനാഥൻ രംഗത്തെത്തി. ആത്മീയ പുസ്തകങ്ങൾ ലൈബ്രറിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം ഗൗരവത്തോടെയല്ല, തമാശരൂപത്തിലാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുസ്തക സംഭരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് (DVAC) എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും ഏഴ് സ്ഥലങ്ങളിൽ പരിശോധന നടത്തിയതായും സർക്കാർ വ്യക്തമാക്കി. അനുവദിച്ച 30 കോടി രൂപയിൽ ഏകദേശം 20 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

കേസിൽ ഉൾപ്പെട്ടിട്ടുള്ളവർ ആരായാലും നിയമനടപടി നേരിടേണ്ടിവരുമെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിക്ക് ഉറപ്പുനൽകി. നവംബർ 20-ന് കേസ് വീണ്ടും പരിഗണിക്കും.

Leave a Reply