
കൊച്ചി: വാഹനാപകടത്തിൽ ഉടമയായ ജയബാലകൃഷ്ണൻ മരിച്ചതിനെത്തുടർന്ന് അടച്ചുപൂട്ടിയ ചേരാനല്ലൂരിലെ ‘ബാലേട്ടൻ ദോശക്കട’ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു. അച്ഛന്റെ ഓർമകൾക്കും കുടുംബത്തിന്റെ ഉപജീവനത്തിനുമായി മകൾ ഭദ്രകീർത്തിയും അമ്മയും ചേർന്നാണ് കട വീണ്ടും തുറന്നത്.
ചേരാനല്ലൂർ ചിറ്റൂർ ഭാഗത്ത് പ്രവർത്തിച്ചിരുന്ന ബാലേട്ടൻ ദോശക്കട ജയബാലകൃഷ്ണന്റെ ഉപജീവനമാർഗം മാത്രമായിരുന്നില്ല, കുടുംബത്തിന്റെ ഏക ആശ്രയം കൂടിയായിരുന്നു. ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ചുണ്ടായ വാഹനാപകടത്തിലാണ് കടയുടമയായ ജയബാലകൃഷ്ണന്‍ ജീവൻ നഷ്ടമായത്.
കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ജയബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തോടെ കട അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമായി.

എന്നാൽ പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഭദ്രകീർത്തിയും അമ്മയും. അച്ഛൻ ഉപജീവനത്തിനായി നടത്തിയിരുന്ന കട വീണ്ടും തുറക്കണമെന്ന തീരുമാനവുമായി ഇരുവരും മുന്നോട്ടിറങ്ങുകയായിരുന്നു. അങ്ങനെയാണ് അടഞ്ഞുകിടന്ന ബാലേട്ടൻ ദോശക്കട വീണ്ടും സജീവമായത്.
അച്ഛന്റെ ഓർമകൾ നെഞ്ചിലേറ്റി കുടുംബത്തിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഭദ്രകീർത്തിയുടെയും അമ്മയുടെയും ശ്രമം നാട്ടുകാരുടെയും ശ്രദ്ധ നേടുകയാണ്. ജയബാലകൃഷ്ണൻ ബാക്കിവെച്ചുപോയ ജീവിതമാർഗം കൈവിടാതെ മുന്നോട്ടുപോകുകയാണ് കുടുംബം.