
പശ്ചിമ ബംഗാൾ |പാമ്പുകളെ സ്വന്തം സുഹൃത്തുക്കളെപ്പോലെ സ്നേഹിക്കുകയും വിഷപ്പാമ്പുകളെപ്പോലും ഭയമില്ലാതെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന യുവ പാമ്പുപിടിത്ത വിദഗ്ധന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഝാർഗ്രാം സ്വദേശിയായ രാഹുൽ ദണ്ഡപത് (32) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. ‘സർപ്പബന്ധു’ അഥവാ പാമ്പുകളുടെ സുഹൃത്ത് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാഹുലിന്റെ മരണം പ്രദേശവാസികളെയും സാമൂഹിക മാധ്യമങ്ങളിലെ അനുയായികളെയും ദുഃഖത്തിലാഴ്ത്തി.
സ്വന്തം വീട്ടിൽ സംഘടിപ്പിച്ച മൻസാ പൂജയോടനുബന്ധിച്ചുള്ള പരമ്പരാഗത ‘ഝാപൻ’ ചടങ്ങിനിടെയായിരുന്നു അപകടം. ജീവനുള്ള പാമ്പുകളെ ഉപയോഗിച്ചുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു പാമ്പിനെ കഴുത്തിൽ ചുറ്റിയിരുന്നു. ഇതിനിടെ പാമ്പിനെ ശരിയാക്കുന്നതിനായി കൈകൊണ്ട് പിടിച്ചപ്പോൾ അത് കൈയിൽ കടിക്കുകയായിരുന്നു.
പാമ്പിന്റെ കടിയേറ്റിട്ടും അതിനെ ഉപദ്രവിക്കാതെ സ്നേഹത്തോടെ കൈകാര്യം ചെയ്ത ശേഷമാണ് രാഹുൽ ആശുപത്രിയിലേക്ക് തിരിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് വഴിമധ്യേ മരണം സംഭവിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ 1.5 ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്ന രാഹുൽ, വർഷങ്ങളായി സൗജന്യമായി വിഷപ്പാമ്പുകളെ ഉൾപ്പെടെ പിടികൂടി ജനവാസ മേഖലകളിൽനിന്ന് മാറ്റിയിരുന്നു. പാമ്പുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു.
പാമ്പുകളെ കൈകാര്യം ചെയ്യുന്ന തന്റെ വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്ന രാഹുൽ, ഇത്തരം അപകടകരമായ പ്രകടനങ്ങൾ മറ്റുള്ളവർ അനുകരിക്കരുതെന്ന് അനുയായികൾക്ക് മുന്നറിയിപ്പ് നൽകാറുമുണ്ടായിരുന്നു.
പാമ്പുകളെ സംരക്ഷിക്കാനും അവയെക്കുറിച്ചുള്ള ഭയം അകറ്റാനും ജീവിതം സമർപ്പിച്ച വ്യക്തിയുടെ മരണം വലിയ നഷ്ടമായിരിക്കുകയാണ്. പാമ്പുകളോടുള്ള സ്നേഹവും സേവനവും കൊണ്ട് ശ്രദ്ധേയനായ ‘സർപ്പബന്ധു’വിന്റെ അപ്രതീക്ഷിത വിയോഗം സമൂഹമാധ്യമങ്ങളിലും ചർച്ചയാകുകയാണ്.