You are currently viewing ശബരിമല തീർത്ഥാടകരുടെ വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവം; എഎസ്ഐ ജിജോയ്ക്ക് സസ്പെൻഷൻ

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവം; എഎസ്ഐ ജിജോയ്ക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ നിലയ്ക്കലിൽവെച്ച് മർദിച്ച സംഭവത്തിൽ എഎസ്ഐയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. എറണാകുളം ജില്ലാ പോലീസിൽനിന്ന് ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി എത്തിയ എഎസ്ഐ ജിജോയ്ക്കെതിരെയാണ് ശബരിമല പോലീസ് ചീഫ് കോഓർഡിനേറ്റർ എഡിജിപി പി. വിജയൻ സസ്പെൻഷൻ നടപടിക്ക് നിർദേശം നൽകിയത്.

നവംബർ 21ന് പുലർച്ചെയാണ് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ സംഭവം നടന്നത്. തീർത്ഥാടകരെ വാഹനത്തിൽനിന്ന് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ട്രാവലർ ഡ്രൈവർ പ്രശാന്തിനാണ് മർദനമേറ്റത്.

വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പ്രശാന്തിന്റെ പരാതി. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്രൈവർ പരാതി നൽകിയിരുന്നു.

ഇതിനിടെ, ഡ്രൈവർ മൊബൈൽ ഫോണിൽ പകർത്തിയ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം നടത്തി. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണ് സസ്പെൻഷൻ നടപടിക്ക് നിർദേശം നൽകിയത്.

സസ്പെൻഷനു പുറമെ എഎസ്ഐ ജിജോയോട് മാതൃയൂണിറ്റായ എറണാകുളം ജില്ലാ പോലീസിലേക്ക് മടങ്ങാനും നിർദേശിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് സുരക്ഷാ ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ നടപടി സംബന്ധിച്ച് വകുപ്പുതല നടപടികളും തുടർന്നേക്കും.

Leave a Reply