
കൊച്ചി: ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തി വല്ലാർപാടം ഡിപി വേൾഡിൽ കണ്ടെയ്നർ ലോറി ഡ്രൈവർമാർ കഴിഞ്ഞ 13 ദിവസമായി നടത്തിവന്ന നിസ്സഹകരണം അവസാനിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ വിവിധ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സമവായത്തിലെത്തിയത്. ഇതോടെ തിങ്കളാഴ്ച മുതൽ തൊഴിലാളികൾ ജോലിയിൽ തിരികെ പ്രവേശിക്കും.
കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം ഡിപി വേൾഡിലെ മുഴുവൻ കണ്ടെയ്നറുകളും സ്കാൻ ചെയ്യാൻ കസ്റ്റംസ് നടപടി സ്വീകരിച്ചതോടെയാണ് തൊഴിലാളികൾ ആശങ്കയുമായി രംഗത്തെത്തിയത്. സ്കാനിംഗിനിടെയുണ്ടാകുന്ന റേഡിയേഷൻ കണ്ടെയ്നർ ലോറി ഡ്രൈവർമാരുടെ ആരോഗ്യത്തെ ബാധിക്കുമെന്നായിരുന്നു പ്രധാന പരാതി. നേരത്തെ 20 മുതൽ 80 ശതമാനം വരെ കണ്ടെയ്നറുകൾ മാത്രമായിരുന്നു സ്കാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ തീരുമാനത്തോടെ നൂറു ശതമാനം കണ്ടെയ്നറുകളും സ്കാൻ ചെയ്യേണ്ട സാഹചര്യമുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് നേരത്തെയും പരാതികൾ ഉയർന്നിരുന്നെങ്കിലും ഡിഎംഒയും അഡ്വക്കേറ്റ് കമ്മീഷനും നടത്തിയ അന്വേഷണങ്ങളിൽ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ സ്കാനിംഗ് പൂർണതോതിലാക്കിയതോടെ തൊഴിലാളികൾ വീണ്ടും ആശങ്ക അറിയിച്ച് നിസ്സഹകരണം ആരംഭിക്കുകയായിരുന്നു.

ചർച്ചയിൽ ഹൈബി ഈഡൻ എംപി, എംഎൽഎമാരായ മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, ടി.ജെ. വിനോദ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ, കസ്റ്റംസ് കമ്മീഷണർ, ഡിപി വേൾഡ് ഉദ്യോഗസ്ഥർ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു. തൊഴിലാളികളുടെ പരാതികൾ വിശദമായി കേൾക്കാനും ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.
സ്കാനിംഗ് ഡെമോൺസ്ട്രേഷൻ നടത്തും
തിങ്കളാഴ്ച സ്കാനിംഗ് നടക്കുന്ന സ്ഥലത്ത് പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ സ്കാനിംഗ് ഡെമോൺസ്ട്രേഷൻ നടത്തും. കണ്ടെയ്നർ ലോറി ഡ്രൈവറുടെ ക്യാബിനിൽനിന്ന് 50 സെന്റീമീറ്റർ അകലം പാലിച്ച ശേഷമേ സ്കാനിംഗ് നടത്തൂ. സ്കാനിംഗ് സമയത്ത് ഡ്രൈവറുടെ ക്യാബിനിൽ റേഡിയോ ആക്ടീവ് പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് നടപടി.
3,000 തൊഴിലാളികളുടെ ആരോഗ്യപരിശോധന
2018-ൽ തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചതുമുതൽ ഇതുവരെ ജോലി ചെയ്ത ഏകദേശം 3,000 തൊഴിലാളികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. ഇതിനായി പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കുകയും മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.
റേഡിയേഷൻ ഏൽക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി കൺവെയർ ബെൽറ്റ് ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ, കസ്റ്റംസ്, പോർട്ട് അധികൃതർ എന്നിവരുമായി വിശദമായ പഠനം നടത്താനും സംസ്ഥാന സർക്കാർ ആവശ്യപ്പെടും. നിലവിലുള്ള നിയമങ്ങളും പുതിയ മാറ്റങ്ങളും പരിഗണിച്ച് ആവശ്യമായ നടപടികൾ ആരാണ് സ്വീകരിക്കേണ്ടതെന്നും എങ്ങനെ നടപ്പാക്കണമെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടും തേടും.
കേന്ദ്ര പോർട്ടിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ ഹൈബി ഈഡൻ എംപി വിഷയത്തിൽ വിശദമായ പഠനം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനം നൽകും.
ചർച്ചയിലെ തീരുമാനങ്ങളിൽ തൊഴിലാളി യൂണിയൻ നേതാക്കളും മറ്റ് പങ്കാളികളും സംതൃപ്തി രേഖപ്പെടുത്തി. തൊഴിലാളികളുടെ ആശങ്കകൾക്ക് ശാശ്വത പരിഹാരം കാണുകയും ആവശ്യമായ വിവരങ്ങൾ അവരിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് യോഗത്തിൽ വ്യക്തമാക്കി. പ്രശ്നങ്ങൾക്ക് ആദ്യം പ്രായോഗികമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ അറിയിച്ചു.