
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവള റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ 21 വയസ്സുകാരനായ യുവാവ് മരിച്ചു. വെങ്ങോല കുറ്റിപ്പാടം കോരപ്പിള്ളിക്കുടി വീട്ടിൽ റഹീമിന്റെയും റസീനയുടെയും മകൻ മുഹമ്മദ് ഇഖ്ബാൽ ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ ഏകദേശം ഒന്നരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് സുഹൃത്തുക്കളുമൊത്ത് രണ്ട് ബൈക്കുകളിലായി നെടുമ്പാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇഖ്ബാൽ തനിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്.
റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞതോടെ ഇഖ്ബാൽ റോഡിൽ തലയടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആലുവയിലെ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിഴക്കമ്പലത്തെ ഒരു സ്വകാര്യ കൂറിയർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇഖ്ബാൽ. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തണ്ടേക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കരിച്ചു.