You are currently viewing കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ

കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികൾക്കെതിരായ സസ്പെൻഷൻ നടപടിയും അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടും കേരള ഹൈക്കോടതി റദ്ദാക്കി. സ്വാഭാവിക നീതിയുടെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് സർവകലാശാല സ്വീകരിച്ച സസ്പെൻഷൻ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ വിദ്യാർഥികൾക്ക് ഉടൻ ക്ലാസുകളിൽ പ്രവേശിച്ച് പഠനം തുടരാം. വിദ്യാർഥികൾക്കായി ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക പരീക്ഷകൾ നടത്താനും സർവകലാശാലയ്ക്ക് കോടതി നിർദ്ദേശം നൽകി.

അതേസമയം, സംഭവത്തിൽ പുതിയ അന്വേഷണം നടത്താൻ സർവകലാശാലയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.

സസ്പെൻഷനിലായിരുന്ന 84 ദിവസത്തെ കാലയളവിന്റെ ആനുകൂല്യവും വിദ്യാർഥികൾക്ക് ലഭിക്കും. ഓഗസ്റ്റ് 13-ന് ക്യാമ്പസിലുണ്ടായ സമരവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒന്നിനാണ് 16 വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു. ക്യാമ്പസിൽ ആഹ്ലാദപ്രകടനവും നടത്തി.

Leave a Reply