
ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യാൻ അനുമതി ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ അറിയിച്ചു. തീർഥാടകരുടെ യാത്രാപ്രശ്നത്തിൽ അദ്ദേഹം നടത്തിയ ഇടപെടലിനെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായതെന്നാണ് അറിയിച്ചിരിക്കുന്നത്.
പവിത്രമായ ഇരുമുടിക്കെട്ട് മറ്റ് ലഗേജുകൾക്കൊപ്പം സാധാരണ രീതിയിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാഹചര്യം ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇത് ശബരിമല തീർഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട ആശങ്കകളും സമ്മർദവും കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരുടെ പ്രശ്നത്തിൽ ഇടപെട്ട് അനുകൂലമായ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിനും രാജീവ് ചന്ദ്രശേഖർ നന്ദി അറിയിച്ചു.

ശബരിമല തീർഥാടനകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിമാനമാർഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് പുതിയ തീരുമാനം ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ.