
കൊല്ലം ശൂരനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നിരഞ്ജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. സന്ധ്യാകുമാരിയെ സ്ഥലം മാറ്റി. കോഴിക്കോട് ബേപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ മാറ്റിയത്.
സ്കൂൾ വിനോദയാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ അധ്യാപകരും പ്രിൻസിപ്പലും ചേർന്ന് നിരഞ്ജനെ പരസ്യമായി അപമാനിച്ചുവെന്നും ഇത് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നത്. സംഭവത്തെ തുടർന്ന് സ്കൂളിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വിദ്യാർഥിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിക്കുകയും പ്രിൻസിപ്പലിനെ മാറ്റണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. കെ.എസ്.യു, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടർ, ശൂരനാട് പൊലീസ്, പ്രിൻസിപ്പൽ എന്നിവരോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ശൂരനാട് പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
അതേസമയം, വിദ്യാർഥിയുടെ മരണത്തിൽ തനിക്കോ മറ്റ് അധ്യാപകർക്കോ പങ്കില്ലെന്നും താൻ നിരപരാധിയാണെന്നും വ്യക്തമാക്കി പ്രിൻസിപ്പൽ നേരത്തെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.